ഇനി മുതൽ വാഹനമോടിക്കാൻ ഏകീകൃത രൂപം

0

വാഹനമോടിക്കുമ്പോഴുള്ള ക്രമക്കേടുകൾക്ക് അറുതി വരുത്താൻ നവീന മാർഗവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് .മാന്യമായി നിരത്തുപയോഗിക്കുകയും സുരക്ഷിതമായി വാഹനമോടിക്കുകയും ചെയ്യുന്നത് ഉറപ്പാക്കാന്‍ സംസ്ഥാനത്ത് ഡ്രൈവിങ്ങിന് ഏകീകൃത സിലബസ് നടപ്പാക്കുന്നു.

ഡ്രൈവിങ് സ്‌കൂളുകളുടെ നിലവാരമുയര്‍ത്തുന്നതിനും മികച്ച ഡ്രൈവിങ് പരിശീലകരെ വാര്‍ത്തെടുക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. മലപ്പുറം എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.ഡി.ടി.ആര്‍.) ഇതിനായുള്ള പരിശീലനം നടത്തും. സംസ്ഥാനത്ത് ആകെ 3098 ഡ്രൈവിങ് സ്‌കൂളുകളാണുള്ളത്.

ഇവിടെ തങ്ങള്‍ക്ക് പരിചയമുള്ള കാര്യങ്ങളും ചെയ്തു ശീലിച്ച കാര്യങ്ങളുമാണ് പുതുതായി പഠിക്കാനെത്തുന്നവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ഇത് ആളുകള്‍ക്കും സ്ഥലങ്ങള്‍ക്കുമനുസരിച്ച് മാറ്റംവരും. ഇതിനൊരു ഏകീകൃത രീതി കൊണ്ടുവരാനാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നത്.

ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്ക് ഐ.ഡി.ടി.ആറില്‍ അഞ്ചുദിവസത്തെ പരിശീലനം നല്‍കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്ന നിലയിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിനായി 6000 രൂപയാണ് ചെലവുവരുന്നത്. അതില്‍ 2000 രൂപ റോഡ് സുരക്ഷാ അതോറിറ്റിയും 2000 രൂപ അതത് ഡ്രൈവിങ്ങ് സ്‌കൂളും 2000 രൂപ പരിശീലനത്തില്‍ പങ്കെടുക്കുന്നവരും വഹിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും ജാക്കറ്റും നല്‍കും.

ഇതുകൂടാതെ ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാരഥി സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ, കരുനാഗപ്പള്ളി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. ഈ സംവിധാനം എല്ലാ ഓഫീസിലും നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.