യൂസര്‍ നെയിമും പാസ് വേഡും ഉണ്ടെങ്കില്‍ സുരക്ഷിതം; ഈ ‘അജ്ഞത’യാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍

0

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വെബ്സൈറ്റുകളിലെ നുഴഞ്ഞുകയറ്റം മുതല്‍ അപകീര്‍ത്തിപ്പെടുത്തല്‍ വരെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളും പട്ടികയില്‍ വരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. 2014ല്‍ രാജ്യത്താകെ 9622 കേസാണ് റിപ്പോര്‍ട്ടു ചെയ്തത്. 2015ല്‍ 11,592, 2016ല്‍ 12,317, 2017ല്‍ 53,000 എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം ‘അജ്ഞത’ ആണെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഒരു ഫോട്ടോയോ പോസ്റ്റോ ഷെയര്‍ചെയ്താല്‍ എന്താണ് കുഴപ്പമെന്നാണ് പലരുടെയും മനോഭാവം. കിട്ടുന്നതെല്ലാം കണ്ണുമടച്ച് മറ്റുള്ളവര്‍ക്ക് അയക്കും. കേസുവരുമ്പോള്‍ അയച്ചയാളെ വിശ്വസിച്ചു എന്ന് പറയും. എന്നാല്‍, നിയമത്തിനു മുന്നില്‍ അതൊന്നും വിലപ്പോകില്ല. ചാറ്റ്‌റൂമില്‍നിന്ന് ഒന്നും പുറത്തുപോകില്ലെന്നാണ് പലരുടെയും വിശ്വാസം. യൂസര്‍ നെയിമും പാസ് വേഡും ഉണ്ടെങ്കില്‍ സുരക്ഷിതമായെന്ന് കരുതും. പാസ് വേഡ് സ്ട്രോങ്ങാണ്, ആര്‍ക്കും അതിക്രമിച്ചു കടക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞവരുടെ അക്കൗണ്ടിലേക്ക് സെക്കന്‍ഡുകള്‍ക്കകം നുഴഞ്ഞുകയറാനായിട്ടുണ്ട്. സൈബര്‍വിദഗ്ധന്‍ വെറും 45 സെക്കന്‍ഡുകൊണ്ടാണ് 27 അക്ഷരങ്ങളുള്ള പാസ് വേഡ് ഭേദിച്ചത്.

ശബ്ദസന്ദേശങ്ങള്‍ക്കും വീഡിയോയ്ക്കുമൊപ്പം ഇപ്പോള്‍ നിരീക്ഷണത്തില്‍ മറ്റൊന്നു കൂടിയുണ്ട്-സ്റ്റിക്കറുകള്‍. നിരുപദ്രവമെന്നതില്‍ നിന്ന് സ്റ്റിക്കറുകള്‍ മാറിത്തുടങ്ങി. അശ്ലീലവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഏറെ കാണുന്നുണ്ട്. ഫോട്ടോ, ഓഡിയോ, വീഡിയോ, വാചകങ്ങള്‍ (ടെക്സ്റ്റ് മെസേജ്) എന്നിവയാണ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നത്. ഇവയൊന്നും മറ്റുള്ളവര്‍ക്ക് ഉപദ്രവമാകരുതെന്നുണ്ട്. അശ്ലീലച്ചുവയുള്ളതും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ക്ക് ലൈക്കടിക്കുന്നതോ ഷെയര്‍ ചെയ്യുന്നതോപോലും കുറ്റകരമാണ്.

പോസ്റ്റുകള്‍ ഷെയര്‍ചെയ്യുമ്പോഴും ലൈക്കടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പലതും മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു ലഭിക്കാവുന്നവയാണ്. ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളവ അശ്ലീലം, അസഭ്യം, മാനസിക പീഡനത്തിനിടയാക്കുന്നവ ഒഴിവാക്കേണ്ടതാണ്.

ഡാര്‍ക്ക് നെറ്റ് എന്നപേരില്‍ സൈബര്‍ അധോലോകം വളരുകയാണ്. ഹാക്കിങ്, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം പണം വാങ്ങി ചെയ്തുനല്‍കാനുള്ള സംഘങ്ങള്‍ സജീവയുണ്ട്. ബിറ്റ്‌കോയിനും ക്രിപ്റ്റോ കറന്‍സിയുമെല്ലാം ഡാര്‍ക്ക് നെറ്റിന്‍റെ ഉദാഹരണങ്ങളാണ്. ഡാര്‍ക്ക് നെറ്റിനെ ഭേദിക്കാനുള്ള ഉദ്യമത്തിലാണ് സൈബര്‍ ഡോമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കൊച്ചിയില്‍നടന്ന കൊക്കൂണ്‍ സൈബര്‍സുരക്ഷാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് വെര്‍ച്വല്‍ ലോകത്താണ്. ചില സംഭവങ്ങളില്‍ സെര്‍വറുകള്‍ രാജ്യത്തിന് പുറത്താകുന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ്. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കിട്ടുന്നതിന് സേവനദാതാക്കളുമായി ബന്ധപ്പെടേണ്ടിവരും.

Leave A Reply

Your email address will not be published.