പുരുഷന്മാരിൽ വന്ധ്യത വർധിക്കുന്നു

0

ദുബായ്: രാജ്യഭേദമെന്യേ വന്ധ്യത ഒരു സുപ്രധാന വിഷയമായിക്കൊണ്ടിരിക്കുകയാണ്.
വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം യു.എ.ഇ.യിൽ വർധിക്കുകയാണെന്ന് റിപ്പോർട്ട്. പുരുഷന്മാരിലെ വന്ധ്യത ക്രമാതീതമായി വർധിച്ചിട്ടുണ്ട്. 1960 മുതൽ 2017 വരെയുള്ള കാലയളവിനുള്ളിലെ കണക്കനുസരിച്ച് രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് 160 ശതമാനം കുറഞ്ഞതായി കോല്ലിയേഴ്‌സ് ഇന്റർനാഷണലിന്റെ പുതിയ ഗവേഷണഫലം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വന്ധ്യതാനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.

മാറിയ ജീവിതശൈലി, പൊണ്ണത്തടി, പ്രമേഹം പോലുള്ള രോഗങ്ങൾ, ജനിതകമായ മറ്റു ഘടകങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാനകാരണം. അറബ് മേഖലയിലെ ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടിയതോടെ വിവാഹം വൈകുന്നത് വന്ധ്യതനിരക്ക് കൂടാനുള്ള ഒരു കാരണമായി കണക്കുകൾ സഹിതം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

രണ്ടാമത്തെ ഗർഭധാരണത്തിനാണ് ചികിത്സ തേടുന്നവരിൽ 30 ശതമാനം പേരുമെത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരി നാലിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മെഡ്‌ലാബ് 2019-ന്റെ മുന്നോടിയായാണ് ഗവേഷണഫലം പുറത്തുവിട്ടത്.

രാജ്യത്ത് ചികിത്സ തേടിയെത്തുന്നവരിൽ വലിയൊരു ശതമാനവും ഐ.വി.എഫ്. അഥവാ കൃത്രിമ ബീജസങ്കലനം എന്ന രീതി പരീക്ഷിക്കാനാണ് താത്പര്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യു.എ.ഇ.യിൽ എത്തുന്ന സന്ദർശകരിൽ വലിയൊരു വിഭാഗവും ഐ.വി.എഫ്. ചികിത്സ തേടിയെത്തുന്നവരാണ്. ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും ഇമറാത്തികളും ജി.സി.സി. സ്വദേശികളുമാണ്. മൂന്നാമതാണ് രാജ്യത്തെ പ്രവാസികളുടെ സ്ഥാനം. ഏകദേശം 20,000 ദിർഹം മുതൽ 30,000 ദിർഹംവരെയാണ് യു.ഇ.യിൽ ഐ.വി.എഫ്‌. ചികിത്സയ്ക്ക് ആവശ്യമായിവരുന്ന ശരാശരി തുക.

Leave A Reply

Your email address will not be published.