വൻ സൈബർ തട്ടിപ്പ് ; 85,000 രൂപയുടെ ഐഫോൺ X 17,000 രൂപയ്ക്ക്

0

തിരുവനന്തപുരം: ഐഫോൺ സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാലിപ്പോൾ 85,000 രൂപയുടെ ആപ്പിൾ ഐഫോൺ X വെറും 17,000 രൂപയ്ക്ക് കിട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ?

ഒന്നര ലക്ഷം രൂപ വില വരുന്ന ആപ്പിൾ മാക്ബുക്കിന് വെറും 9,000 രൂപ.ഡാർക്നെറ്റിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ ‘കാർഡിങ്’ എന്ന പേരിൽ തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പുകാർ കൊയ്യുന്നത് ലക്ഷങ്ങൾ. ചോർത്തുന്ന ക്രെഡിറ്റ് കാർഡ് വിവരങ്ങളിൽ ഏറിയ പങ്കും കാർഡിങ്ങിനായി ഉപയോഗിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും തട്ടിപ്പുകാർ നിശ്ചയിക്കുന്ന തുക കൈമാറിയാൽ ഹാക്ക് ചെയ്യപ്പെട്ട ഏതെങ്കിലും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ആമസോണിൽ നിന്നോ മറ്റോ നിങ്ങളുടെ വിലാസത്തിലേക്ക് വിലകൂടിയ ഉൽപന്നങ്ങൾ ഓർഡർ ചെയ്യും.

റിസ്ക് നിങ്ങളെടുക്കണമെന്നു മാത്രം. പിടിക്കപ്പെട്ടാൽ വിലാസം നിങ്ങളുടേതായതിനാൽ ജയിലിൽ പോകുമെന്നുറപ്പ്. യഥാർഥ കാർഡ് ഉടമയാകട്ടെ പണം പോയെന്നു പറഞ്ഞെത്തുന്ന മെസേജ് വരുമ്പോഴായിരിക്കും കാര്യമറിയുക. ഇനി നിങ്ങളുടെ വിലാസത്തിൽ ഡെലിവറി നടത്താൻ പേടിയുണ്ടെങ്കിൽ ‘ഡ്രോപ്പ്’ എന്ന സൗകര്യവുമുണ്ട്. കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ ഏതെങ്കിലും ഹോട്ടലുകളുടെ വിലാസത്തിലേക്കായിരിക്കും ഡെലിവറി. തട്ടിപ്പുകാരൻ ക്രമീകരിച്ചിരിക്കുന്ന ഡ്രോപ്പിങ് ഏജന്റ് വ്യാജപേരിൽ മുറിയെടുക്കുകയും സാധനം കൈപ്പറ്റുകയും ചെയ്യും.

പിന്നീടത് ഉടമയ്ക്ക് കൈമാറും. ഇതിനുള്ള ചെലവും വാങ്ങുന്നയാൾ വഹിക്കണം. കൊച്ചിയിലെ ഇത്തരത്തിലെത്തിയ ഒരു ഡ്രോപ്പിങ് ഏജന്റ് പിടിയിലായത് രണ്ടു മാസം മുൻപാണ്. ഡാർക്നെറ്റിലെത്തുന്ന കാർഡ് വിവരങ്ങളുടെ പ്രധാന ആവശ്യക്കാർ ‘കാർഡിങ്’ നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു.

Leave A Reply

Your email address will not be published.