കഥകളി മേളയിൽ മുഴുകി പമ്പാ മണൽപ്പുറം

0

അയിരൂർ: ജില്ലാ കഥകളി ക്ലബ്ബിന്റെ സംസ്ഥാന കഥകളി മേളയുടെ രണ്ടാംദിനത്തിൽ ലവണാസുരവധം കഥകളി ആസ്വാദകരെ കണ്ണീരിലാഴ്ത്തി . ഉത്തരാസ്വയംവരം ആടിയരാവിൽ ശൃംഗാര രസത്തിൽ പമ്പാ മണൽപ്പുറം മയങ്ങിയെങ്കിൽ ചൊവ്വാഴ്ച രാവ് ഭക്തിഭാവത്തിൽ മുഴുകി ആറാടുകയായിരുന്നു. ഭക്തിയുടെ എക്കാലത്തേയും പ്രതിരൂപമായ ഹനുമാൻ സീതാദേവിയെക്കണ്ട് ഭക്തിപരവശനാവുകയും ഒപ്പം സീതയുടെ വിരഹാവസ്ഥ കണ്ട് അതീവ ദുഃഖിതനുമാകുന്നു.

വെള്ളത്താടി വേഷങ്ങൾ കെട്ടുന്നതിൽ അഗ്രഗണ്യനായ സദനം ഭാസിയാണ് ലവണാസുരവധം കഥയിലെ പ്രമുഖ വെള്ളത്താടി വേഷമായ ഹനുമാനെ അരങ്ങിലെത്തിച്ചത്. കീഴ്പടം കുമാരൻനായർ വിഭാവനം ചെയ്ത നൃത്ത ചാതുരി വിളങ്ങുന്ന അഷ്ടകലാശം അദ്ദേഹത്തിന്റെ ശിഷ്യനായ സദനം ഭാസി അനായാസം രംഗത്തവതരിപ്പിച്ചതും ഈ കളിയുടെ മേന്മയാണ്. സീതയായി വേഷമിട്ട കലാമണ്ഡലം ഓയൂർ രാമചന്ദ്രനും കുശലവന്മാരായി വേഷമിട്ട കലാമണ്ഡലം പ്രദീപും കലാമണ്ഡലം ഷൺമുഖനും മികച്ച പ്രകടമാണ് നടത്തിയത്.

ഹന്ത ഹനുമാനേ… എന്ന പദവും സുഖമോ ദേവി സാമ്പ്രതം ഇഹതേ… എന്ന ഭക്തിനിർഭരമായ പദവും കലാമണ്ഡലം ജയപ്രകാശിന്റെ സംഗീതത്തിൽ ഹൃദ്യമായി. കലാമണ്ഡലം ഉല്ലാസ്, കലാമണ്ഡലം അരുൺ, കലാമണ്ഡലം വിഷ്ണുമോൻ, കലാമണ്ഡലം രാമൻനമ്പൂതിരി, കലാഭാരതി ജയശങ്കർ തുടങ്ങിയവർ ഈ കലാവിരുന്നിൽ പങ്കാളികളായി കഥകളിക്ക് കെ.ചെല്ലമ്മ ആട്ടവിളക്ക് തെളിയിച്ചു. 2017-ലെ കേരള സംഗീത നാടക അക്കാദമി അവാർഡു ലഭിച്ച കലാമണ്ഡലം ഓയൂർ രാമചന്ദ്രനെ നാട്യഭാരതി ഡയറക്ടർ പി.പി.രാമചന്ദ്രൻ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു.

Leave A Reply

Your email address will not be published.