ആദ്യദിനത്തിൽ പണിമുടക്ക് സമാധാനപരം

0

പത്തനംതിട്ട: പണിമുടക്ക് ദിനത്തിൽ ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ തടയലും ബലമായി കട അടപ്പിക്കലും ഉണ്ടായില്ല. പൊതുജനം കാര്യമായി പുറത്തിറങ്ങാഞ്ഞതിനാൽ കടകൾ മിക്കതും പിന്നീട് അടച്ചെന്ന് മാത്രം. സ്വകാര്യ വാഹനങ്ങൾ എല്ലാ റോഡുകളിലും ഉണ്ടായിരുന്നു. ജില്ലയിൽ പണിമുടക്ക് സമാധാനപരമായി തുടരുന്നു. പമ്പയ്ക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി. പത്തനംതിട്ട വഴി സർവീസ് നടത്തി.

പമ്പ-പത്തനംതിട്ട-ചെങ്ങന്നൂർ, പമ്പ-തിരുവനന്തപുരം, പമ്പ-എരുമേലി എന്നീ സർവീസുകളുണ്ടായിരുന്നു. മൂന്നുമണി വരെ പമ്പയ്ക്കും തിരിച്ചും പത്തനംതിട്ട വഴി 150 സർവീസുകൾ ഓടിയത് മറ്റ് യാത്രക്കാർക്കും ഗുണമായി. പുനലൂർ, ചെങ്കോട്ട ഭാഗത്തേക്ക് പോകാനുള്ള അയ്യപ്പൻമാരാണ് വലഞ്ഞത്. ആ റൂട്ടിൽ ബസുണ്ടായിരുന്നില്ല. ചെങ്കോട്ട റൂട്ടിൽ ബസുണ്ടാകുമെന്ന് കരുതി പലരും ഏറെ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അവർ പിന്നീട് െചങ്ങന്നൂരെത്തി കൊല്ലം വഴി യാത്ര തുടർന്നു. പത്തനംതിട്ടയിൽ ടാക്സികൾ ഓടിയതിനാൽ പല സംഘങ്ങളും ടാക്സി വിളിച്ച് യാത്ര തുടർന്നു.

തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ഭൂരിഭാഗം കടകളും തുറന്നു. റാന്നിയിൽ പാതിയോളം കടകൾ തുറന്നെങ്കിലും ഉച്ചയോടെ അടച്ചു. ജനങ്ങൾ പുറത്തിറങ്ങാത്തതാണ് കാരണം. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലും മറ്റ് ഇടങ്ങളിലും നാമമാത്രമായേ കടകൾ തുറന്നുള്ളൂ. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ എന്നിവ മിക്കതും പ്രവർത്തിച്ചു.

Leave A Reply

Your email address will not be published.