സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പുരവഞ്ചികളുടെ ലൈസൻസ് റദ്ദാക്കണം: നിയമസഭ സമതി

0

ആലപ്പുഴ: രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ച് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ളവയുടെ പിഴവുകൾ തീർക്കാനും മാർച്ച് 31നകം ഇവ പാലിച്ചില്ലെങ്കിൽ അവയുടെ ലൈസൻസ് റദ്ദാക്കാനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷനായ നിയമസഭ വിഷയ സമതി നിർദ്ദേശിച്ചു. മരാമത്തും ഗതാഗതവും വാർത്താവിനിമയും സംബന്ധിച്ച വിഷയസമതിയുടെ ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഈ നിർദ്ദേശം. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുൾപ്പെട വിനോദ സഞ്ചാര മേഖലയിലുള്ള ജലയാനങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ് പ്രത്യേക യോഗത്തിന്റെ പരിഗണയ്ക്ക് വന്നത്.

വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുൾപ്പടെയുള്ളവ വരുമാന നികുതി അടക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനാൽ ഇക്കാര്യം പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകാൻ നികുതി വകുപ്പിനോടാവശ്യപ്പെടും. ആവശ്യമായ ലൈസൻസ് ഇല്ലാതെ അനധികൃതമായി സർവീസ് നടത്തുന്ന ബോട്ടുകളും മറ്റും പിടിച്ചെടുത്ത് ക്രിമിനൽ കേസുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കാൻ പൊലീസ് വകുപ്പിനോടും സമതി ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയകാലത്ത് ജില്ലയിൽ രക്ഷാദൗത്യങ്ങൾക്ക് ഹൗസുബോട്ടുടമകളിൽ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് സമതി അധ്യക്ഷൻ ആമുഖമായി സൂചിപ്പിച്ചു. ജില്ല കളക്ടർ ശാസിച്ചിട്ടും കാര്യമായ പ്രതീകരണമുണ്ടായില്ല. ഒടുവിൽ അഞ്ചു ഹൗസ് ബോട്ടുടമകളെ അറസ്റ്റു ചെയ്തശേഷമാണ് അല്പമെങ്കിലും അനുകൂല പ്രതികരണമുണ്ടായത്. വർഷത്തിൽ കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ഈ മേഖലയിൽ ലൈസൻസില്ലാതെ അനധികൃതമായി ധാരാളം യാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവയ്ക്ക് ആവശ്യമായ ലൈസൻസ് നൽകി ഡിസംബർ 31നകം നിയമവിധേയമാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ അക്കാര്യത്തിലും നടപടിയിണ്ടായിട്ടില്ലെന്ന് സമതി വിലയിരുത്തി.

പരിസ്ഥിതി സംരക്ഷണം, അനധികൃത സർവീസ് എന്നീ കാര്യങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. പ്രളയസമയത്ത് വേണ്ടത്ര സഹായം നൽകാതിരുന്നത് അനാസ്ഥയാണെന്ന് കുറ്റപ്പെടുത്തിയ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജില്ലയിലെ ഇത്തരം യാനങ്ങളുടെ കൃത്യമായ വിവരം സമതിക്കു നൽകാത്തതിനെയും വിമർശിച്ചു.

Leave A Reply

Your email address will not be published.