കര്‍ണാടകത്തിന് ഡാം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര നടപടിക്കെതിരെ ഐകകണ്ഠ്യേന പ്രമേയം അംഗീകരിച്ച് തമിഴ്‌നാട് നിയമസഭ

ചെന്നൈ: കര്‍ണാടകത്തിന് ഡാം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര നടപടിക്കെതിരെ ഐകകണ്ഠ്യേന പ്രമേയം അംഗീകരിച്ച് തമിഴ്‌നാട് നിയമസഭ. കാവേരി നദിയില്‍ മേഘതാതു എന്ന സ്ഥലത്ത് ഡാം നിര്‍മ്മിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കിയതിനെതിരെയാണ് പ്രമേയം.

ഹ്രസ്വമായ ഒരു ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി കെ.പളനിസ്വാമി പ്രമേയം അവതരിപ്പിക്കുകയായിരുന്നു. കേന്ദ്ര ജല വിഭവ വകുപ്പ് എത്രയും പെട്ടെന്ന് കേന്ദ്ര ജല കമ്മീഷനോട് അനുമതി പിന്‍വലിക്കാന്‍ ആവശ്യപ്പെടണം എന്നാണ് പ്രമേയത്തില്‍ പറയുന്നത്.

തമിഴ്‌നാടിന്റെ അനുമതിയില്ലാതെ മേഘതാതുവിലൊ കാവേരിയില്‍ മറ്റെവിടെയെങ്കിലുമോ യാതൊരു തരത്തിലുള്ള നിര്‍മ്മാണവും അനുവദിക്കരുത് എന്നും പ്രമേയത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ ഡി.എം.കെ നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച്ച തിരുച്ചിറപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.