നക്സൽ

0

ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷമുരുത്തിരിഞ്ഞ തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് നക്സലൈറ്റുകൾ അല്ലെങ്കിൽ നക്സലുകൾ എന്നത്. പ്രത്യയശാസ്ത്രപരമായി അവർ മാവോയിസമാണ് പിന്തുടരുന്നത്. പശ്ചിമ ബംഗാളിലാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മദ്ധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളിൽ പ്രത്യേകിച്ചും ആന്ധ്രാ പ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മുതലായ സംഘടനകളിലൂടെ അവരുടെ പ്രവർത്തനം വ്യാപകമായി. ഇന്ത്യൻ സർക്കാരും ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകളും സി.പി.ഐ. (മാവോയിസ്റ്റ്)-നെയും മറ്റ് ചില നക്സൽ സംഘടനകളെയും തീവ്രവാദ സംഘങ്ങളായി കരുതുന്നു.

സെപ്റ്റമ്പർ 21, 2004-ൽ സ്വതന്ത്രമാക്കപ്പെട്ടൊരു മേഖലയിൽ വെച്ച്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നീ സംഘടനകൾ തമ്മിൽ ലയിച്ച്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), എന്ന പാർട്ടി ആയി. പീപ്പിൾസ് വാർ ഗ്രൂപ്പും ആന്ധ്രാ പ്രദേശ് ഭരണകൂടവും നടത്തിക്കൊണ്ടിരുന്ന സമാധാന ചർച്ചകൾക്കിടയിൽ വെച്ച്, പീപ്പീൾസ് വാർ ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി, രാമകൃഷ്ണ, ഹൈദരാബാദിൽ, ഒക്ടോബർ 14, 2004-നാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.

പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്.

പ്രമുഖ ഇന്ത്യൻ നക്സലൈറ്റ്/മാവോയിസ്റ്റ് സംഘടനകൾ

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)
പീപ്പിൾസ് വാർ ഗ്രൂപ്പ്

പ്രമുഖരായ ലോക മാവോയിസ്റ്റ് നേതാക്കൾ

മാവോ സെഡോങ്ങ്
പ്രചണ്ഡ
ചാരു മജൂംദാർ
കനു സന്യാൽ
കൊണ്ടപ്പള്ളി സീതാരാമയ്യ

പ്രമുഖരായ മലയാളി മവോയിസ്റ്റ്/നക്സലൈറ്റ് നേതാക്കൾ

കുന്നിക്കൽ നാരായണൻ
ഫിലിപ്പ് എം പ്രസാദ്
കെ. വേണു
അജിത
ഗ്രോ വാസു
നക്സൽ വർഗ്ഗീസ്
ചോമൻ മൂപ്പൻ
എം.പി. കാളൻ
മന്ദാകിനി നാരായണൻ

1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ന്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്. 1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി.

ചൈനയിലെ മാവോ സെഡോങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജൂംദാർ, അതു കൊണ്ടു തന്നെ, മാവോയുടെ കാലടികൾ പിന്തുടർന്ന് കൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും ആഹ്വാനം ചെയ്യുമായിരുന്നു..

ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന് ചൂടും ചൂരുമേകിക്കൊണ്ട് അദ്ദേഹം പല സൃഷ്ടികളും നടത്തുകയുണ്ടായി. നക്സലൈറ്റ് പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനമായ Historic Eight Documents എന്ന പുസ്തകമാണ് അതിലേറ്റവും പ്രശസ്തം. 1967-ൽ തന്നെ നക്സലൈറ്റുകൾ AICCCR (All India Coordination Committee of Communist Revolutionaries) രൂപവത്കരിക്കുകയും, പിന്നീട് സി. പി. ഐ. (എം)-ൽ നിന്ന് പിളർന്ന് പോരുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പല പ്രക്ഷോഭങ്ങൾ ആരംഭിക്കുകയുണ്ടായി. 1969-ൽ AICCR, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന് ജന്മമേകി.

മിക്കവാറുമുള്ള എല്ലാ നക്സൽ സംഘടനകളുടെയും ഉദ്‌ഭവം സി. പി. ഐ. (എം-ൽ)-ൽ നിന്നാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ രൂപമെടുത്തത് ദക്ഷിണ ദേശ സംഘത്തിൽ നിന്നുമാണ് . മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ പിന്നീട് പീപ്പിൾസ് വാർ ഗ്രൂപ്പുമായി ലയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന സംഘടന രൂപവത്കരിച്ചു.

1970-കളോടെ നക്സൽ പ്രസ്ഥാനം പല വിധ തർക്കങ്ങളാൽ പല കഷണങ്ങളായി ഭാഗിക്കപ്പെട്ടു. 1980-ൽ മുഴുവനും മുപ്പതിനായിരം സംഘാംഗങ്ങളുമായിട്ട് ഏകദേശം മുപ്പതോളം സജീവ നക്സൽ സംഘടനകളുണ്ടായിരുന്നതായി പറയപ്പെടുന്നു. 2004-ലെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം, ആ സമയത്ത് ഏകദേശം 9300 ആയുധധാരികളായ പ്രവർത്തകർ ഉണ്ടായിരുന്നതായി പറയുന്നു. ജീഡിത്ത് വിഡാൽ-ഹാൾ (2006) പറയുന്നതനുസരിച്ച് ഏകദേശം പതിനയ്യായിരത്തോളം സായുധ സൈനികർ, രാജ്യത്തെ 160 ജില്ലകളിലായി, ഇന്ത്യയുടെ അഞ്ചിലൊന്ന് വനപ്രദേശത്തിന്റെ നിയന്ത്രണം കയ്യാളുന്നു.

കൽക്കട്ടയിൽ വിദ്യാർത്ഥികൾക്കിടയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് ആഴത്തിലുള്ള സാന്നിധ്യമുണ്ടായിരുന്നു. വിപ്ലവ പ്രവർത്തനങ്ങൾക്കായിട്ട് പല വിദ്യാർത്ഥികളും വിദ്യാഭ്യാസം മാറ്റി വയ്ക്കുക വരെ ഉണ്ടായിട്ടുണ്ട്. വിപ്ലവം ഗ്രാമങ്ങളിൽ കേന്ദ്രീകൃതമായിട്ടല്ല, എല്ലായിടത്തുമൊരേ പോലെ, ഒരേ സമയത്ത് നടത്തണമെന്നയിരുന്നു ചാരു മജൂംദാറിന്റെ ആശയം. വിപ്ലവത്തിന്റെ ഭാഗമായി “വർഗ്ഗ ശത്രുക്കളായ” വ്യക്തികളെ കൊലപ്പെടുത്തണമെന്ന് മജൂംദാർ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തുതിന്റെ ഫലമായി ജന്മികളെ മാത്രമല്ല, സർവ്വകലാശാലയിലെ അദ്ധ്യാപകരെയും, പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാർക്കെതിരെയുമൊക്കെ നടപടികൾ ഉണ്ടായി.

കൽക്കട്ടയിലുടനീളം വിദ്യാലയങ്ങൾ അടച്ചിടുകയുണ്ടായി. നക്സലൈറ്റ് അനുഭാവികളായ വിദ്യാർത്ഥികൾ ജാദവ്‌പൂർ സർവ്വകലാശാലയുടെ നിയന്ത്രണമേറ്റെടുത്തു. അവിടുത്തെ യന്ത്രശാലയിൽ പോലീസുകരെ നേരിടുവാനുള്ള കുഴൽ തോക്കുകളുടെ നിർമ്മാണവും തുടങ്ങി. കൽക്കട്ടയിലെ പ്രസിഡൻസി കോളേജായിരുന്നു അവരുടെ ആസ്ഥാനം. ജാദവ്‌പൂർ വൈസ് ചാൻസലർ ആയിരുന്ന ഡോ. ഗോപാൽ സെന്നിനെ വധിച്ചത് നക്സലൈറ്റുകളായിരിക്കാം എന്ന് സന്ദേഹിക്കുന്നവരുമുണ്ട്.

ബംഗാളിലെ നക്സലൈറ്റ് പ്രക്ഷോഭത്തിലെ വർഗ്ഗ ശത്രുക്കളായ വ്യക്തികൾക്കെതിരായ നടപടികൾ തിരിച്ചടികളെ വിളിച്ചു വരുത്തി. അന്നത്ത് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ-യുടെ നേതൃത്വത്തിൽ ശക്തമായ, പിന്നീട് പലപ്പോഴും അപലപിക്കപ്പെട്ടിട്ടുള്ള, പ്രതിരോധ നടപടികൾ തുടങ്ങി. വിചാരണ കൂടാതെയുള്ള തടവു്, പീഡനം, വ്യാജ ഏറ്റുമുട്ടലുകൾ മുതലായവ ഇതിൽ പെടുന്നു.

മാസങ്ങൾക്കുള്ളിൽ നക്സൽ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പോലീസിന്റെയും ഭരണകൂടത്തിന്റെയും കാഴ്ചപ്പാടിൽ നക്സലൈറ്റുകൾക്ക് മനസ്സിലാകുന്ന ഒരു ഭാഷ ആക്രമത്തിന്റേത് മാത്രമാണ് എന്നായിരുന്നു. ഈ കമ്മ്യൂണിസ്റ്റുകൾക്കെതിരെ ശരിക്കുമൊരു ആഭ്യന്തരയുദ്ധമാണ് പോരാടിയിരുന്നതെന്നും ജനാധിപത്യ മര്യാദകളോ അവകാശങ്ങൾക്കോ അത്തരമൊരു യുദ്ധത്തിൽ സ്ഥാനമില്ലെന്നുമവർ അവകാശപ്പെട്ടു. ഈ പ്രക്ഷോഭം റാഡിക്കൽ മാവോയിസ്റ്റുകളുടെ പ്രതിഛായയെ കാര്യമായി ബാധിക്കുകയും പിന്തുണ ഇടിയുന്നതിന് കാരണമാവുകയും ചെയ്തു.

മാത്രവുമല്ല ആഭ്യന്തര കലഹങ്ങൾ കാരണം പ്രസ്ഥാനം താറുമാറായിരുന്നു. മജൂംദാറിന്റെ നയങ്ങളെയും നേതൃത്വത്തെയും സംഘാംഗങ്ങൾ ചോദ്യം ചെയ്യുവാൻ തുടങ്ങി. 1971-ൽ സി. പി. ഐ. (എം-എൽ) രണ്ടായി പിളർന്നു. മജൂംദാരിന്റെ നേതൃത്വത്തെ എതിർടത്ത സത്യ നാരായണൻ സിങ്ങിന്റെ കൂടെ ആയിരുന്നു ഒരു ഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്. 1972-ൽ മജൂംദാർ പിടിക്കപ്പെടുകയും പോലീസ് കസ്റ്റഡിയിൽ, അലിപ്പൂർ ജയിലിൽ വെച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം പാർട്ടിയിലെ പിളർപ്പുകൾ കൂടുതൽ രൂക്ഷമായി.

1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്, കാസർഗോഡു്, കണ്ണൂർ, കോട്ടയം, കൊല്ലം‌, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.

പാലക്കാട് ജില്ലയിൽ കോങ്ങാട് ദേശത്തു ജന്മി ആയിരുന്ന നാരായണൻ കുട്ടി നായർ കൊല്ലപ്പെട്ടതും ഇക്കാലത്താണ് ..മുണ്ടൂർ രാവുണ്ണി ലക്ഷ്മണൻ നായർ ഭാസ്കരൻ തുടങ്ങിയവർ അന്നത്തെ സജീവ നക്സൽ പ്രവർത്തകർ ആണെന്ന് പറയപ്പെടുന്നു.

Leave A Reply

Your email address will not be published.