159 ദിവസം, 29,000 കിലോമീറ്റർ, സൈക്കിളില്‍ ലോകം ചുറ്റി വേദാംഗി കുൽക്കർണിയെന്ന ഇന്ത്യക്കാരി

0

മുംബൈ: 29,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലോകം ചുറ്റിവന്ന വേദാംഗി കുൽക്കർണിയെന്ന ഇന്ത്യക്കാരി പെൺകുട്ടി റെക്കോർഡ് ബുക്കിൽ ഇടംപിടിക്കുമ്പോൾ മറ്റെന്തു പറയാനാണ്! ഏഷ്യ ഭൂഖണ്ഡത്തിൽ നിന്ന് സൈക്കിളിൽ ഏറ്റവും വേഗത്തിൽ ലോകം ചുറ്റിവന്ന വ്യക്തിയാണ് പുണെയിൽ നിന്നുള്ള വേദാംഗി. ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ഇക്കഴിഞ്ഞ ജൂലൈയിലാണ് സൈക്കിളിലുള്ള വേദാംഗിയുടെ പര്യടനം ആരംഭിച്ചത്. സൈക്കിളിൽ ലോകം ചുറ്റി നിലവിൽ മുംബൈയിലെത്തിയ വേദാംഗി, ഇന്നു രാത്രി പെർത്തിൽ മടങ്ങിയെത്തുന്നതോടെ റെക്കോർഡ് ബുക്കിലാകും ആ പേരിനു സ്ഥാനം.

159 ദിവസം കൊണ്ടാണ് വേദാംഗി പെർത്തിൽ നിന്ന് 14 രാജ്യങ്ങളിലൂടെ കറങ്ങി മുംബൈയിൽ എത്തിയത്. ഒരു ദിവസം ശരാശരി 300 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടിയത്. ബ്രിട്ടനിൽ നിന്നുള്ള സാഹസിക വനിത ജെന്നി ഗ്രഹാമാണ് (38) ഏറ്റവും വേഗത്തിൽ ലോകം ചുറ്റിവന്ന വനിത. ഈ വർഷം തന്നെ 124 ദിവസം കൊണ്ടാണ് ജെന്നി ലോകം ചുറ്റൽ പൂർത്തിയാക്കിയത്. നിലവിലെ റെക്കോർഡ് മൂന്ന് ആഴ്ചയിലേറെ ചുരുക്കിയാണ് ജെന്നി ഏറ്റവും വേഗത്തിൽ ലോക പര്യടനം പൂർത്തിയാക്കിയ വനിതയായത്. ഏറ്റവും വേഗത്തിൽ സൈക്കിളിൽ ലോകം ചുറ്റുന്ന വനിതയെന്ന റെക്കോർഡാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വീസ പ്രശ്നമുൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടതോടെയാണ് വേദാംഗിക്ക് കൂടുതൽ ദിവസം യാത്രയ്ക്കു വേണ്ടിവന്നത്.

ബ്രിട്ടനിലെ ബേൺമൗത്ത് യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർഥിനിയാണ് ഇരുപതുകാരിയായ വേദാംഗി. സ്പോർട്സ് മാനേജ്മെന്റാണ് മുഖ്യവിഷയം. ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ പരിശീലകയായി തുടക്കമിട്ട വേദാംഗിക്ക്, ഇടയ്ക്കു പരുക്കേറ്റതോടെയാണ് സൈക്ലിങ്ങിലേക്കു തിരിയുന്നത്. സൈക്കിൾ യാത്രയിൽ 80 ശതമാനം റൂട്ടും വേദാംഗി ഒറ്റയ്ക്കാണ് ഓടിച്ചുതീർത്തത്. കൂട്ടിനൊരാളു പോലുമുണ്ടായിരുന്നില്ലെന്നു ചുരുക്കം. സൈക്കിൾ നന്നാക്കാനുള്ള ഉപകരണങ്ങൾ, ക്യാംപു ചെയ്യാനുള്ള വസ്തുക്കൾ, അത്യാവശ്യം തുണികൾ തുടങ്ങിയ ‘ഭാര’ങ്ങളും സഹയാത്രികരായി ഉണ്ടായിരുന്നു. യാത്രയ്ക്കിടെ ലോകത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ ഏറെ കണ്ടെന്ന് വേദാംഗി. കാനഡയിൽ വച്ച് സൈക്കിളിനു പിന്നാലെ കൂടിയ കരടിയായിരുന്നു ആദ്യത്തെ വലിയ വെല്ലുവിളി. ഒരുതരത്തിലാണ് രക്ഷപ്പെട്ടതെന്ന് വേദാംഗി. റഷ്യയിൽ വച്ച് കനത്ത മഞ്ഞിൽ ഏതാനും രാത്രികൾ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നതാണ് മറക്കാനാകാത്ത മറ്റൊരു അനുഭവം. സ്പെയിനിൽ വച്ച് കത്തിമുനയിൽ നിർത്തി അക്രമികൾ കയ്യിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചത് മറ്റൊരു അനുഭവം.

യാത്രയ്ക്ക് ചെലവായ പണം കൂടുതലും നൽകി സഹായിച്ചത് മാതാപിതാക്കൾ തന്നെ. പെർത്തിൽ നിന്നും ആരംഭിച്ച യാത്രയിൽ വേദാംഗി സൈക്കിളിൽ ഓടിച്ചുതീർത്ത പ്രധാന സ്ഥലങ്ങൾ ഇവയാണ്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, ഐസ്‌ലൻഡ്, പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ബൽജിയം, ജർമനി, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലൻഡ്, റഷ്യ, ഇന്ത്യ. ഇതിനിടെ –20 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയുള്ള തണുപ്പു–ചൂടു കാലങ്ങളും പിന്നിട്ടു.

 

Leave A Reply

Your email address will not be published.