പോത്തുകളെ മോഷ്ടിച്ച സംഭവം ; രണ്ടുപേർ അറസ്റ്റിൽ

0

മാന്നാർ : പോത്തുകളെ മോഷ്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ മാന്നാർ പോലീസിന്റെ പിടിയിലായി. ചെന്നിത്തല കാരാഴ്മ മുണ്ടോലി കടവിൽ വാടകയ്ക്ക് താമസിക്കുന്ന കൈയ്യാലയ്ക്കകത്ത് സുജിത്ത് (27), ചാരുംമൂട്ടിൽ താമസിക്കുന്ന തൊടുപുഴ ആക്കുളം പടിഞ്ഞാറെ വീട്ടിൽ രാജീവ് (36) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പെരുന്തുറ ഉദയംപുറത്ത് കുഞ്ഞുമോ (74) ന്റെ പോത്തിനെ മോഷ്ടിച്ച സംഭവത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വലിയപെരുമ്പുഴ പാലത്തിന് സമീപമുള്ള തൊഴുത്തിലാണ് ഇയാൾ പോത്തുകളെ കെട്ടുന്നത്. സമീപത്തെ വീട്ടിലെ സി.സി.ടിവി. യിൽ നിന്നും പ്രതികൾ പോത്തുകളെ എയ്സ് വാഹനത്തിൽ കയറ്റി കടത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പരാതി ലഭിച്ചിട്ടും അന്വേഷണത്തിൽ ഫലമൊന്നും ഉണ്ടായില്ല. തുടർന്ന്, ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് പി.കോരയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചാണ് അന്വേഷണം തുടങ്ങിയത്. പ്രതികളുടെ ഫോൺ കോളുകൾ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് പട്രോളിങ്ങിന് ഇറങ്ങിയ പോലീസ് സംഘം ചെന്നിത്തല കോട്ടമുറിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച പോത്തുകളെ കശാപ്പുകാർക്ക് വിട്ടതായി ഇവർ പൊലീസിന് മൊഴി നൽകി. കേസിൽ രണ്ടുപേർകൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.