യജമാനന് കൂട്ടുപോയ നായയ്ക്ക് ഡിപ്ലോമ സമ്മാനം

0

ന്യൂ യോർക്ക്: ബ്രിട്ടണി ഹാവ്ലിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഗ്രിഫിൻ എന്ന നായക്കുട്ടി. കൂട്ടുകാരനെന്ന് പറഞ്ഞാൽ ഊണിലും ഉറക്കത്തിലും ഒപ്പമുള്ള സന്തത സഹചാരി. ഹാവ്ലി എവിടെ പോയാലും വിശ്വസ്തനായ ഗ്രിഫിൻ ഒപ്പമുണ്ടാകുമെന്ന് മാത്രമല്ല ഹാവ്ലിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യും. ഹാവ്ലി യൂണിവേഴ്സിറ്റിയിൽ ചേർന്നപ്പോഴും ഗ്രിഫിൻ അവളെ അനുഗമിച്ചു. ഒടുവിൽ ഗ്രിഫിന്റെ സേവനങ്ങൾക്ക് അവനെ  തേടിയെത്തിയത് പോസ്റ്റ് ഡാം യൂണിവേഴ്സിറ്റിയുടെ ‍ഡിപ്ലോമയും.

മനുഷ്യനും നായയും തമ്മിലുള്ള അടുപ്പം പുതിയ കാര്യമല്ലെങ്കിലും ഹാവിലിയുടെയും ഗ്രിഫിന്റെയും കഥയിൽ ചില പ്രത്യേകതകളുണ്ട്. ഹാവ്ലി ഒരു സാധാരണ പെൺകുട്ടിയായിരുന്നില്ല. ശാരീരിക വൈകല്യങ്ങൾ മൂലം വീൽ ചെയറിന്റെ സഹായത്തോടെയാണ് അവൾ ജീവിക്കുന്നത്. നോർത്ത് കാരോലിയയിലെ വിൽസണിലാണ് ഇരുപത്തിയഞ്ചുകാരിയായ ഹാവ്ലിയുടെ നാട്. ഹാവിലിയുടെ ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് അവളെ സഹായിക്കുന്ന നായക്കുട്ടി യൂണിവേഴ്സിറ്റി അധികൃതർക്കും ഒരു അത്ഭുതമായിരുന്നു. ഇന്റേൺഷിപ്പിന്റെ ഭാഗമായി ഹാവ്ലി രോഗികളെ പരിചരിക്കാൻ എത്തിയപ്പോൾ പോലും ഗ്രിഫിനും അവൾക്ക് കൂട്ടിനുണ്ടായിരുന്നു. ഹാവിലിയുടെ പഠനത്തിന്റെയും ജീവിതത്തിന്റെയും എല്ലാ ഘട്ടത്തിലും കൂടെയുണ്ടായിരുന്ന ഗ്രിഫിനും ആദര സൂചകമായി ഒരു ഡിപ്ലോമ കൊടുക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ക്ലാർസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒക്കുപ്പേഷനൽ തെറാപ്പിയിൽ ഹാവ്ലി മാസ്റ്റർ ബിരുദം നേടിയപ്പോൾ അവളുടെ അരികിൽ നിന്ന് ഗ്രിഫിനും ഏറ്റുവാങ്ങി ഒരു ഡിപ്ലോമ. ഗ്രിഫിന്റെ സേവനങ്ങളെ അവർ പ്രകീർത്തിക്കുകയും ചെയ്തു.

 

Leave A Reply

Your email address will not be published.