Your Image Description Your Image Description
Your Image Alt Text

ഡൽഹി: ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ സംവിധാനം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായ ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പുതിയ നിയമസംവിധാനത്തിന്റെ ആത്മാവും ശരീരവും ആശയവും തീര്‍ത്തും ഭാരതീയമാണെന്നും അമിത് ഷാ പറഞ്ഞു. നീതിനടപ്പാക്കൽ വൈകുന്ന സാഹചര്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

150 വർഷം പഴക്കമുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മൂന്ന് നിയമങ്ങളിൽ ആദ്യമായാണ് മാറ്റങ്ങൾ വരുത്തിയതെന്ന് അമിത് ഷാ മറുപടിയിൽ പറഞ്ഞു. ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ സംവിധാനം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. മൂന്ന് ബില്ലുകളുടെയും ലക്ഷ്യം ശിക്ഷയല്ല, നീതി നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പഴയ നിയമങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പകരം ബ്രിട്ടീഷ് കിരീടത്തിന്റെ സംരക്ഷണത്തിനാണ് മുൻഗണന നൽകിയിരുന്നതെന്നും അദ്ദേഹം വിമർശച്ചു. രാജ്യദ്രോഹം എന്ന വകുപ്പ് സർക്കാർ നീക്കംചെയ്തതായും രാജ്യദ്രോഹത്തിന് പകരം രാജ്യദ്രോഹവും വിശ്വാസ വഞ്ചനയും ഉൾപ്പെടുത്തിയതായും ഷാ പറഞ്ഞു.

2019 മുതൽ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ബില്ലുകൾ തയ്യാറാക്കിയതെന്നും ഇവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അയച്ചതായും മന്ത്രി വ്യക്തമാക്കി. പുതിയ ബില്ലുകളിൽ തീവ്രവാദത്തിന്റെ നിർവചനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നിവ സംബന്ധിച്ച മൂന്ന് ബില്ലുകളും ബുധനാഴ്ച ലോക്‌സഭയിൽ പാസാക്കിയിരുന്നു. പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരേയും സസ്‌പെന്‍ഷനിലൂടെ പുറത്തുനിര്‍ത്തിയാണ് രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *