Your Image Description Your Image Description
Your Image Alt Text

തിരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.വയനാട് ലോക്സഭാ മണ്ഡലമാണ് എപ്പോൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് .വയനാട്ടിൽ നിന്നും വീണ്ടും മത്സരിക്കാൻ പ്ലാൻ ചെയ്യുന്ന രാഹുൽഗാന്ധിയെ പ്രതിരോധത്തിലാക്കി ഇടതുപക്ഷ നേതാക്കൾ രംഗത്ത്. രാഹുൽ​ ​ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി നേർക്ക് നേരാണ് മത്സരിക്കേണ്ടതെന്നാണ് ബിനോയ് വിശ്വം പറയുന്നത്. ഇതോടെ രാഹുൽ ​ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ അതിലെ ഉദ്യേശ ശുദ്ധി ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികൾ തന്നെ ചോദ്യം ചെയ്യുമെന്നതും ഉറപ്പയിരിക്കുകയാണ്.

ഇടതുപക്ഷത്ത് സി.പി.ഐ മത്സരിക്കുന്ന സീറ്റാണ് വയനാട്. അതുകൊണ്ടു തന്നെ കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് ഏറ്റുമുട്ടേണ്ടി വരുന്നതും സി.പി.ഐ സ്ഥാനാർത്ഥിയോട് ആയിരിക്കും. ബി.ജെ.പിയാണ് പ്രധാന ശത്രു എങ്കിൽ ബി.ജെ.പി എതിരാളിയായി വരുന്ന മണ്ഡലത്തിൽ പോയി രാഹുൽ മത്സരിക്കണമെന്നാണ് സി.പി.എമ്മും ആവശ്യപ്പെടുന്നത്. രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. അതായത് കഴിഞ്ഞ തവണത്തെ പോലെ ആകില്ല ഇത്തവണത്തെ പ്രതിരോധമെന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ കൃത്യമായി “ടാർഗറ്റ്” ചെയ്ത് കടന്നാക്രമിക്കുന്ന രീതിയിലേക്കാണ് വയനാട്ടിൽ ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ പ്രചരണം ഡിസൈൻ ചെയ്യാൻ പോകുന്നത്. ഇതോടെ രാഹുലിനെ വയനാട്ടിൽ മത്സരിപ്പിച്ച് 2019-നു സമാനമായ വിജയം നേടാമെന്ന യു.ഡി.എഫ് നേതാക്കളുടെ കണക്കുകൂട്ടലാണ് പാളാൻ പോകുന്നത്. 15-ൽ കുറയാത്ത സീറ്റുകളാണ് ഇടതുപക്ഷം ഇത്തവണ കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ യു.ഡി.എഫിന്റെ മരണമണിയാണ് അതോടെ മുഴങ്ങുക.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടുള്ള കോൺഗ്രസ്സ് നേതാക്കളുടെ സമീപനവും ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന ഗവർണ്ണറെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് നേതാക്കളുടെ നിലപാടുമെല്ലാം വലിയ രൂപത്തിൽ പ്രചരണ വിഷയമാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുക. ഇതാകട്ടെ കോൺഗ്രസ്സിനെ മാത്രമല്ല ലീഗിനെയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളാണ്. ഏറ്റവും ഒടുവിൽ ഗവർണ്ണറെ കോൺഗ്രസ്സ് നേതാവിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ പൊന്നാനിയിലേക്ക് ക്ഷണിച്ച യു.ഡി.എഫ് ജില്ലാ ചെയർമാന്റെ നടപടിയും യു.ഡി.എഫ് കക്ഷികളെ വെട്ടിലാക്കിയിട്ടുണ്ട്. മുസ്ലിംലീഗിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പോലും ഇതിന്റെ അലയൊലി ദൃശ്യമാണ്. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് ഉയരുന്ന രാമക്ഷേത്ര ഉദ്ഘാടനചടങ്ങിലേക്ക് ഇല്ലന്ന് പറയാൻ സി.പി.എം ജനറൽ സെക്രട്ടറിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല.എന്നാൽ, കോൺഗ്രസ്സ് ആകട്ടെ ഇക്കാര്യത്തിൽ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് ചെയ്യുന്നത്.

സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. അതുകൂടി സംഭവിച്ചാൽ കോൺഗ്രസ്സിനു തിരിച്ചടി ലഭിക്കുമെന്നു മാത്രമല്ല. അവരുടെ കൂടെയുള്ള മുസ്ലീം ലീഗിന്റെ കോട്ടകൾ പോലും തകരുന്ന സാഹചര്യമാണ് ഉണ്ടാകുക. മലപ്പുറത്തും പൊന്നാനിയിലും ഉൾപ്പെടെ ഇതിന്റെ അലയൊലി ഉറപ്പാണ്. എന്തിനേറെ രാഹുൽ വയനാട്ടിൽ പോലും രാഹുൽ ഗാന്ധിക്ക് കാര്യങ്ങൾ എളുപ്പമാവുകയില്ല. ഇക്കാര്യത്തിൽ ശക്തമായ ബദൽ തീർക്കാനാണ് സി.പി.എമ്മും സി.പി.ഐയും തീരുമാനിച്ചിരിക്കുന്നത്. വയനാടിനു പുറമെ തൃശൂർ, മാവേലിക്കര, തിരുവനന്തപുരം ലോകസഭ മണ്ഡലങ്ങളിലാണ് സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സി.പി.എം 15 സീറ്റുകളിലും കേരള കോൺഗ്രസ്സ് ഒരു സീറ്റിലുമാണ് മത്സരിക്കുക. യു.ഡി.എഫിൽ കോൺഗ്രസ്സ് 17 സീറ്റുകളിലും ലീഗ് രണ്ട് സീറ്റുകളിലും മത്സരിക്കും. കേരള കോൺഗ്രസ്സ് ജോസഫിന് കോട്ടയം സീറ്റ് നൽകാനും സാധ്യത ഉണ്ട്. അതല്ലങ്കിൽ അതും കോൺഗ്രസ്സ് ഏറ്റെടുക്കും.

യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീംലീഗ് രണ്ട് സീറ്റുകളിൽ മത്സരിക്കുമ്പോഴാണ് ഇടതുപക്ഷത്തെ രണ്ടാമത്തെ കക്ഷി നാല് സീറ്റുകളിൽ മത്സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷത്ത് സി.പി.ഐയ്ക്ക് നൽകുന്ന പ്രാധാന്യമാണ് സീറ്റ് വിഭജനത്തിൽ ദൃശ്യമാകുന്നത്. നിയമസഭയിലും മുസ്ലീംലീഗിനേക്കാൾ അംഗസംഖ്യ സി.പി.ഐക്കാണുള്ളത്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ ആവശ്യമായ എല്ലാ നടപടികളും ശക്തമായി തന്നെ സ്വീകരിക്കുമെന്നാണ് പുതിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.ബിനോയ് വിശ്വത്തിന്റെ സ്ഥാനാരോഹണം സി.പി.ഐയ്ക്കും വലിയ രൂപത്തിലാണ് ഉണർവേകിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെ നാല് ലോകസഭ മണ്ഡലങ്ങളിലും മത്സരിപ്പിക്കാനാണ് സി.പി.ഐ തീരുമാനം.വയനാട്ടിൽ രാഹുൽ തന്നെ മത്സരിച്ചാൽ ശക്തനായ ഒരു എതിരാളിയെ തന്നെയാകും ഇടതുപക്ഷവും രംഗത്തിറക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *