Your Image Description Your Image Description
Your Image Alt Text

അരൂർ : അരൂർ തുറവൂർ ഉയരപ്പാത നിർമാണം അടുത്തഘട്ടത്തിലേക്ക്. 12.75 കിലോമീറ്റർ ദൂരത്തിലുള്ള പാതയുടെ നിർമാണം 20 ശതമാനത്തിലധികം പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ 30 മീറ്റർ അകലത്തിലുള്ള തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യകോൺക്രീറ്റ് ഗർഡർ തുറവൂരിൽ സ്ഥാപിച്ചു. രണ്ട് കോൺക്രീറ്റ് ഗർഡറുകളാണ് ഇത്തരത്തിൽ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ചത്. ഓരോ തൂണുകൾക്കിടയിലും ഇത്തരത്തിൽ ഏഴ് ഗർഡറുകൾ ഉണ്ടാകും. ഒരെണ്ണം സ്ഥാപിക്കുവാൻ രണ്ടുമണിക്കൂറോളം സമയം എടുത്തു. ഈ സമയം മുഴുവൻ ദേശീയപാത വഴിയുള്ള ഗതാഗതവും നിയന്ത്രിച്ചു. ഇതിനുമുൻപ് തൂണുകളിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചിരുന്നു.

നേരത്തേ സ്ഥാപിച്ച റിമോട്ടിൽ പ്രവർത്തിക്കുന്ന ലോഞ്ചിങ് ഗ്യാൻട്രിയുടെ സഹായത്തോടെയാണ് ഗർഡർ തൂണുകൾക്ക് മുകളിൽ നിശ്ചിതസ്ഥലത്ത് സ്ഥാപിച്ചത്. ചേർത്തല മായിത്തറയിലെ യാർഡിലാണ് 32 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഗർഡറുകൾ നിർമ്മിക്കുന്നത്. ഓരോ ഗർഡറിനും 40 ടൺ ഭാരമുണ്ട്. ഇത് 35 മീറ്റർ നീളമുള്ള ട്രെയിലർ ലോറിയിൽ ബുധനാഴ്ച തന്നെ തുറവൂരിലെത്തിച്ചിരുന്നു. വ്യാഴാഴ്ചനടന്ന പ്രത്യേക പൂജകൾക്കുശേഷം ഉച്ചയ്ക്ക് ഒന്നോടെയാണ് ആദ്യ ഗർഡർ ഉയർത്തിയത്. പിന്നാലെ വൈകീട്ട് ആറിന് രണ്ടാമത്തെ ഗർഡറും ലോഞ്ചിങ് ഗ്യാൻട്രിയുടെ സഹായത്തോടെ ഉയർത്തി.354 തൂണുകളാണ് ഉയരപ്പാതയ്ക്ക് വേണ്ടിവരുന്നത്. ഇവയിൽ 24 മീറ്റർ വീതിയിലാണ് പാത പൂർത്തിയാവുക. ഓരോ തൂണുകൾക്കിടയിലും സ്ഥാപിക്കുന്ന ഏഴ് കോൺക്രീറ്റ് ഗർഡറുകൾക്ക് മുകളിൽ വീണ്ടും കോൺക്രീറ്റ്/ടാർ ചെയതാണ് ഇയരപ്പാത യാഥാർഥ്യമാക്കുക. തൂണുകളുടെ നിർമാണം അതിവേഗം നടക്കുകയാണ്. മൂന്ന് റീച്ചുകളിലായി നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നിടത്ത് ലോഞ്ചിങ് ഗ്യാൻട്രി സ്ഥാപിച്ചുകഴിഞ്ഞു. ഇനി രണ്ടെണ്ണം കൂടി ഉടൻ ഉയർത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ വരുന്ന അഞ്ച് ലോഞ്ചിങ് ഗ്യാൻട്രികളിൽ ആദ്യം സ്ഥാപിച്ച തുറവൂരിലാണ് ആദ്യ ഗർഡറും ഉയർത്തിയത്.

25-ഓളം വരുന്ന വിദഗ്ധ തൊഴിലാളികളാണ് ഗർഡർ സ്ഥാപിക്കുന്ന ജോലികൾ ചെയ്യുക. പ്രോജക്ട് മാനേജർ പി.എം. വേണുഗോപാലിന്റെ നേതൃത്വത്തലുള്ള ഇരുപതോളം ജീവനക്കാരും ദേശീയപാതാവിഭാഗം ഉന്നത ഉദ്യോഗസ്ഥരും ആദ്യ കോൺക്രീറ്റ് ഗർഡർ സ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *