‌’നമ്മൾ പരസ്പരം കൊല്ലാത്ത ദിനം വരുമോ’; കൊല്ലപ്പെട്ട സുബോധ് കുമാർ സിങ്ങിന്‍റെ മകൻ അഭിഷേത് സിങ്ങ്

National Top News

”ഇന്ന് എന്‍റെ അച്ഛൻ കൊല്ലപ്പെട്ടു, നാളെ ജനക്കൂട്ടം ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയേക്കാം. ഒരു ദിവസം അതൊരു മന്ത്രിയെ ആയേക്കാം. ആൾക്കൂട്ട കൊലപാതകങ്ങളെ ഇങ്ങനെ അനുവദിക്കാമോ? ഒരിക്കലും പറ്റില്ല, നമ്മൾ പരസ്പരം കൊല്ലാത്ത ഒരു ദിവസം വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്”, പറയുന്നത് ഉത്തർപ്രദേശ് കൊലപാതകത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ്ങിന്‍റെ മകൻ അഭിഷേത് സിങ്ങ്.

”പശുക്കളെ കൊല്ലുന്നവരെ കണ്ടുപിടിക്കലല്ല പ്രധാനം. മനുഷ്യരുടെ കൊലപാതകത്തിന് കാരണക്കാരായവരെ കണ്ടുപിടിക്കലാണ്. അവശിഷ്ടങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടുപിടിക്കണം. സംഘർഷമുണ്ടാക്കാനാണോ അതവിടെ കൊണ്ടു ചെന്നിട്ടതെന്നും കണ്ടുപിടിക്കണം”, അഭിഷേക് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

മുഖ്യമന്ത്രിയോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോട് മുഖ്യമന്ത്രിയോടല്ല, തനിക്കു പറയാനുള്ളത് രാജ്യത്തോടു മുഴുവനാണ് എന്നാണ് അഭിഷേക് പറഞ്ഞത്. ഹിന്ദു–മുസ‍്‍ലിം കലാപങ്ങൾ അവസാനിപ്പിക്കൂ. ചെറിയ പ്രകോപനം പോലും ആളുകളെ അക്രമാസക്തരാക്കും. ജനങ്ങൾ ഇത് ചിന്തിക്കുകയും മനസിലാക്കുകയും വേണം.

”ആരൊക്കെ ആയാലും രാജ്യത്തെ നല്ല പൗരനായിരിക്കണമെന്ന് എന്‍റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. രാജ്യം നിങ്ങളുടേതാണ്. ഈ ആൾക്കൂട്ട ആക്രമണം ഒന്നും നേടിത്തരില്ല, അത് മനസിലാക്കൂ”, അഭിഷേക് പറഞ്ഞു നിർ‌ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *