സുനില്‍ പി ഇളയിടത്തിനെതിരെ കോപ്പിയടി ആരോപണത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക പ്രമുഖര്‍

Kerala

തിരുവനന്തപുരം: പ്രശസ്ത പ്രഭാഷകനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിനെതിരായ ആരോപണത്തില്‍ പ്രതിഷേധവുമായി കേരളത്തിലെ സാംസ്‌കാരിക പ്രമുഖര്‍ രംഗത്ത്. അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന സുനില്‍ പി ഇളയിടത്തിന്റെ ഗ്രന്ഥത്തിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും എന്ന പ്രബന്ധത്തിലെ ഭാഗങ്ങള്‍ കോപ്പിയടിച്ചു എന്നാണ് പ്രചാരണം.

രവിശങ്കര്‍ എസ്. നായര്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദീപ നിശാന്തും എംജെ ശ്രീചിത്രനും ഉള്‍പ്പെട്ട കവിതാ മോഷണ വിവാദത്തിനൊപ്പമാണ് സുനില്‍ പി ഇളയിടത്തിന് നേര്‍ക്കും സമാന ആരോപണം ശക്തമായത്.

കാലടി ശ്രീശങ്കരാചാര്യസംസ്‌കൃസര്‍വകലാശാലാ അധ്യാപകന്‍ സുനില്‍ പി. ഇളയിടത്തിനെതിരെ രവിശങ്കര്‍ എസ്. നായര്‍ അടിസ്ഥാനരഹിതവും വ്യക്തിഹത്യയ്ക്കു മുന്‍തൂക്കം നല്‍കുന്നതുമായ പകര്‍പ്പുരചനാ ആക്ഷേപം ഉന്നയിച്ചുകൊണ്ടു രംഗത്തു വരികയുണ്ടായി. സാഹിത്യവിമര്‍ശം എന്ന മാസികയിലും തുടര്‍ന്ന് നവംബര്‍ ആദ്യവാരം നിരവധി ഫേസ്ബുക് പോസ്റ്റുകളിലുമായി അവതരിപ്പിക്കപ്പെട്ട ഈ ആരോപണങ്ങള്‍, നിലനില്‍ക്കുന്ന അക്കാദമിക ഗവേഷണ രീതിശാസ്ത്രത്തിന്റെയോ ലേഖനരചനാരീതികളുടെയോ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നോക്കിയാല്‍ അടിസ്ഥാനരഹിതമാണ് എന്നു കാണാം. സുനില്‍ തന്റെ ഒരു ലേഖനത്തിന്റെ എണ്‍പതു ശതമാനവും ഒരു പുസ്തകത്തില്‍ നിന്ന് കടപ്പാടില്ലാതെ പകര്‍ത്തിയതാണെന്നു സ്ഥാപിക്കാന്‍ രവിശങ്കര്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങളും അതിനാസ്പദമാക്കുന്ന വാദങ്ങളും തികച്ചും വസ്തുതാവിരുദ്ധവും ദുരുപദിഷ്ടവുമാണ്. താഴെപ്പറയുന്ന വിശദീകരണങ്ങളുടെ പിന്‍ബലത്തിലും സുനിലിന്റെ അക്കാദമിക-രചനാജീവിതത്തിലുളള കൃതഹസ്തത നേരിട്ടറിയാവുന്നതിന്റെ അടിസ്ഥാനത്തിലും ഞങ്ങള്‍, മേല്പറഞ്ഞ ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും ഇത്തരമൊരു വിലകുറഞ്ഞ ആക്ഷേപനീക്കം നടത്തിയതില്‍ രവിശങ്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *