റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും  സ്വന്തമാക്കാന്‍ ഇന്ത്യ

Auto Top News

വാഷിങ്ടണ്‍/ന്യൂഡല്‍ഹി: മുങ്ങിക്കപ്പലുകള്‍ നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും (ആളില്ലാ വിമാനങ്ങള്‍) സ്വന്തമാക്കാന്‍ ഇന്ത്യയും. അമേരിക്കന്‍ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും അടുത്തയാഴ്ച നടത്തുന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എം.എച്ച്.-60 ‘റോമിയോ’ സീഹോക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്ക് ഇപ്പോൾ ഒരു മുതല്കൂട്ടായിരിക്കും. അടിയന്തരമായി 24 റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. വൈസ് പ്രസിഡന്റ് മൈക് പെന്‍സും ബുധനാഴ്ച സിങ്കപ്പൂരില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു.

നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ അര്‍ജന്റീനയില്‍ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും പ്രസിഡന്റ് ട്രംപും നടത്തുന്ന കൂടിക്കാഴ്ചയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. ഇത്തരത്തിലുള്ള 123 ഹെലികോപ്റ്ററുകള്‍ ഭാവിയില്‍ രാജ്യത്തുതന്നെ നിര്‍മിക്കുംവിധമുള്ള കരാറാണ് ഇന്ത്യയുടെ ലക്‌ഷ്യം.

ഡിസംബര്‍ ആദ്യവാരം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്നുദിവസത്തെ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി യു.എസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആയുധങ്ങള്‍ ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും (എം.ക്യു.-9 റീപ്പര്‍ അല്ലെങ്കില്‍ പ്രിഡേറ്റര്‍- ബി) മിസൈല്‍ പ്രതിരോധ കവചവും വാങ്ങുന്ന വിഷയത്തില്‍ പെന്റഗണുമായി ചര്‍ച്ച നടത്തുകയാണ് മുഖ്യ അജണ്ട. ഇന്ത്യയ്ക്ക് പ്രിഡേറ്റര്‍ ഡ്രോണ്‍ നല്‍കുന്നതിന് യു.എസ്. നേരത്തേതന്നെ അനുകൂല മനോഭാവമായിരുന്നു സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *