പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുവരാനായി എറണാകുളം ‘ഓൾഡ് റെയിൽവേ സ്റ്റേഷൻ’

Ernakulam Kerala

കൊച്ചി: പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുവരാനായി എറണാകുളം ‘ഓൾഡ് റെയിൽവേ സ്റ്റേഷൻ’ . ഓൾഡ് റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഓർഡ് റെയിൽവേ സ്റ്റേഷൻ മുതൽ പച്ചാളം വരെയാണ് ട്രാക്ക് നവീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 100 വർഷത്തിലധികം പഴക്കമുള്ള ട്രാക്കുകളാണ് നവീകരിക്കുന്നത്.

മാലിന്യങ്ങളും മണ്ണും മൂടി പൂർണമായി അപ്രത്യക്ഷമായിരുന്ന ട്രാക്കുകളാണ് മാലിന്യങ്ങൾ നീക്കംചെയ്ത്‌ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുൻപ് അനുമതി ലഭിച്ച ഒന്നരക്കോടി രൂപയുടെ ജോലികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

റെയിൽവേ സ്റ്റേഷനിൽ പൈതൃകം നിലനിർത്തിക്കൊണ്ടുള്ള നവീകരണമാണ് ഇവിടെ വികസന സമിതി ആവശ്യപ്പെടുന്നത്. എന്നാൽ, സ്റ്റേഷൻ നവീകരണം സംബന്ധിച്ച ഫയൽ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണുള്ളത്.

സ്വകാര്യ കമ്പനികൾക്ക് 74 ശതമാനവും റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനും 13 ശതമാനവും വീതം ഓഹരിയുള്ള എസ്.പി.വി. രൂപവത്‌കരിച്ച്‌ പദ്ധതി നടപ്പിൽ കൊണ്ടുവരുന്നതിനുള്ള ശുപാർശ ബോർഡിന്റെ പരിഗണനയിലാണുള്ളത്. 505 കോടി രൂപയുടെ ‘ഹരിത’ പദ്ധതിയാണ് പരിഗണിക്കുന്നത്.

കൊച്ചിയിലേക്ക് ആദ്യമായി ഒരു തീവണ്ടി ചൂളംവിളിച്ച്‌ എത്തിയത് ഈ സ്റ്റേഷനിലൂടെയാണ്. പൂർണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങൾ വിറ്റാണ്, കൊച്ചിയിലെ മഹാരാജാവായിരുന്ന രാമവർമ റെയിൽ വികസനം പൂർത്തിയാക്കിയതെന്നാണ് ചരിത്രം പറയുന്നത്.

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി വന്നിറങ്ങിയത് ഈ റെയിൽവേ സ്റ്റേഷനിലാണ്. സ്വാമി വിവേകാനന്ദൻ, രബീന്ദ്രനാഥ ടാഗോർ തുടങ്ങി ഒട്ടേറേ മഹാരഥൻമാരും കാലുകുത്തിയ മണ്ണാണിത്.

Leave a Reply

Your email address will not be published. Required fields are marked *