അപ്രതീക്ഷിത പുകയിൽ പകച്ച ആശുപത്രിയിലെ രോഗികൾക്കു ദുബായ് ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥർ രക്ഷകരായി

Pravasi Top News

ദുബായ്∙ അപ്രതീക്ഷിത പുകയിൽ പകച്ച രോഗികൾക്കു ദുബായ് ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥർ രക്ഷകരായി. ദുബായ് അൽമൻഖൂലിലെ ആസ്റ്റർ ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ ഒരു വാഹനത്തിനു തീ പിടിച്ചതാണ് പരിഭ്രാന്തി പടർത്തിയത്.
ദുബായ് ആംബുലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ അവസരോചിതമായി ഇടപെട്ട് രോഗികളെ ഒഴിപ്പിച്ചത് വൻദുരന്തം ഒഴിവാക്കാൻ കാരണമായി. കുട്ടികളും ഗർഭിണികളും ചികിത്സയിലുള്ള രോഗികളെയും ആശുപത്രിയിൽ നിന്നും ഘട്ടം ഘട്ടമായാണ് ഒഴിപ്പിച്ചതെന്ന് ആംബുലൻസ് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഖലീഫ ബ്ൻ ദ റായ് വ്യക്തമാക്കി. മൂന്നു ഗർഭിണികളും 11 നവജാത ശിശുക്കളും അടക്കം 53 പേരെ ഖിസൈസിലെ അസ്റ്റർ ആശുപത്രിയിലേക്കു സുരക്ഷിതമായി മാറ്റിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ മെഡിക്കൽ മുൻകരുതലുകൾ സ്വീകരിച്ചായിരുന്നു ഇതു പൂർത്തിയാക്കിയത്. രാവിലെ എട്ടു മണിക്ക് വിവരം ലഭിച്ചതു മുതൽ രണ്ട് മണിക്കൂറിനകം ദൗത്യം ലക്ഷ്യത്തിൽ എത്തിക്കാനായി. പുകമൂലം ശ്വാസതടസ്സം സംഭവിക്കാതെ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞു . ഇത്തരം അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുണ്ട്. രാജ്യാന്തര നിലവാരമുള്ള പരിശീലനമാണ് ആംബുലൻസ് ഉദ്യോഗസ്ഥർക്കു നൽകുന്നതെന്നും ഖലീഫ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *