ജോസഫിലെ ഗാനം ശ്രദ്ധേയമാകുന്നു

ജോസഫ് തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെയാണ് പ്രദര്‍ശനം തുടരുന്നത്.  ചിത്രത്തിലെ പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരന്നു, വിജയ് യേശുദാസാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ രഞ്ജിന്‍ രാജ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.

കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മറ്റന്നാള്‍ പരിഗണിക്കും

പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മറ്റന്നാള്‍ പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാം എന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്. ഈ മാസം മുപ്പതു വരെയാണ് സുരേന്ദ്രനെ കോടതി റിമാൻഡ് ചെയ്തത്. സുരേന്ദ്രൻ ഇപ്പോൾ കൊട്ടാരക്കര സബ്ബ് ജയിലിലാണ്.

രാജമൗലിയുടെ ആർ ആർ ആർ; ലൊക്കേഷൻ ചിത്രം പുറത്ത്

രാജമൗലി സംവിധാനം ചെയ്യുന്ന  ആർ ആർ ആർന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ജൂനിയർ എൻടി ആറും, റാം ചരൺ തേജയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലി ആഗോളതലത്തിൽ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. നവംബർ 11 നായിരുന്നു ചിത്രത്തിന്റെ മെഗാ ലോഞ്ച് നടന്നത്. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ ടോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. പ്രഭാസ്, റാണ, ചിരഞ്ജീവി, കല്യാണ്‍ റാം എന്നിവർ എത്തിയിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ആർ ആർ ആർ നിർമ്മിക്കുന്നത് ഡിവിവി ധനയ്യനാണ്.

ചിത്രത്തിൽ സമന്തയാണ് നായികയായി എത്തുന്നതെന്നുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാഹുബലി പോലെ വിഷ്വൽ എഫ്കക്ടസിന് പ്രധാന്യം നൽകി കൊണ്ട് പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ആർ ആർആർ. അതേസമയം ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല.

ശബരിമല ദർശനത്തിന് തയ്യാറായി പത്രസമ്മേളനം നടത്തിയ യുവതികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവിന്റെ ജോലിസ്ഥലത്തേക്ക് പ്രതിഷേധം

തൃശൂര്‍: ശബരിമല ദർശനത്തിന് തയ്യാറായി കൊച്ചിയിൽ പത്രസമ്മേളനം നടത്തിയ യുവതികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാറിന്‍റെ നാമജപ പ്രതിഷേധം. ഗുരുവായൂരിലെ ഒരു ബ്യൂട്ടി പാർലറിലെ ജോലിക്കാരനാണ് യുവാവ്. യുവാവിന്‍റെ കുടുംബവും ഈ കെട്ടിടത്തിൽ തന്നെ താമസിക്കുന്നുണ്ട്. ഇവിടേക്കാണ് സംഘപരിവാറിന്‍റെ നാമജപ പ്രതിഷേധം നടക്കുന്നത്.

പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ചാണ് യുവതികള്‍ കൊച്ചിയില്‍ വാർത്താ സമ്മേളനം നടത്തിയത്. യുവതികളെയും കൊച്ചിയിൽ നാമ ജപക്കാർ ഉപരോധിച്ചു. പൊലീസ് സംരക്ഷണയിലാണ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.

പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് നേരത്തെ പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്.സുപ്രീം കോടതി വിധി വന്നതുമുതൽ സന്നിധാനത്തേക്ക് പോകാൻ വ്രതം അനുഷ്ടിക്കുകയാണെന്ന് യുവതികൾ അവകാശപ്പെട്ടു. എന്നാൽ കടുത്ത ഭീഷണിയുണ്ട്.

താര നിശയിൽ ദിലീപ് ഉണ്ടാകില്ല

താരസംഘടന അമ്മയുടെ നേതൃത്തിൽ നടക്കുന്ന താര നിശയിൽ നടൻ ദിലീപ് ഉണ്ടാകില്ലെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. സംഘടനയിൽ അംഗമല്ലാത്തതിനാലാണ് ദിലീപിനെ ഷോയിൽ പങ്കെടുപ്പിക്കാത്തതെന്നും താരം വ്യക്തമാക്കി. കൂടാതെ ഡബ്ല്യൂസിസി അംഗങ്ങളുമായി ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അവരെ ആദരിക്കുന്നതായും താരം പറഞ്ഞു.  ഡിസംബർ 7 ന് അബുദാബിയിലാണ് ഷോ. ഡിസംബര്‍ ഏഴിന് അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ച് നടക്കുന്ന ഷോയ്ക്ക് ‘ഒന്നാണ് നമ്മള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏഷ്യനെറ്റും അമ്മയും കൈകോര്‍ക്കുന്ന അഞ്ച് മണിക്കൂർ ദൈർഘ്യമുളള പരിപാടിയാണ് അബുദാബിയിൽ അരങ്ങേറുക. രാജീവ് കുമാറാണ് ഷോ സംവിധാനം ചെയ്യുന്നത്.

ചെന്നൈയില്‍ 2100 കിലോഗ്രാം പട്ടിയിറച്ചി പിടികൂടി

ചെന്നൈ : ചെന്നൈയില്‍ 2100 കിലോഗ്രാം പട്ടിയിറച്ചി പിടികൂടി. രാജസ്ഥാനില്‍ നിന്നും ജോഡ്പുര്‍-മന്നര്‍ഗുഡി എക്‌സ്പ്രസില്‍ കൊണ്ടുവന്ന ഇറച്ചിയാണ് ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. 11 പാഴ്‌സല്‍ പാക്കറ്റുകളിലാക്കിയാണ് ഇറച്ചി കൊണ്ടുവന്നത് .ഇത് ചെന്നൈയിലെ ഹോട്ടലുകളില്‍ പാചകം ചെയ്ത് വില്‍ക്കാനാണെന്നാണ് സൂചന.

ചെന്നൈയിലെ ഹോട്ടലുകളില്‍ പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്ന് സൂചനകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. മാസങ്ങള്‍ക്ക് മുന്‍പ് ട്രെയിനില്‍ കൊണ്ടുവന്ന പൂച്ചയിറച്ചിയും അധികൃതര്‍ ഇത്തരത്തില്‍ പിടികൂടിയിരുന്നു.

രാജസ്ഥാന്‍ ഇറച്ചി എന്ന പേരില്‍ ചെന്നൈയില്‍ കുറഞ്ഞ വില്ക്ക് വില്‍ക്കാനായിരുന്നു ഇത് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ട്രെയിനില്‍ കൊണ്ടുവന്ന പെട്ടികള്‍ എഗ്മൂറിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ഇറക്കിയത്.പെട്ടികളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പാഴ്‌സല്‍ നീക്കാന്‍ അനുവദിച്ചില്ല. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പട്ടിയിറച്ചിയാണെന്ന് കണ്ടെത്തിയത്.

ശ്രീധരന്‍ പിള്ളയ്ക്കെതിരെ തോമസ് ഐസക്

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ സ്ത്രീ പ്രവേശനത്തിനെ എതിര്‍ത്തല്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമലയിൽ സുപ്രിംകോടതി വിധി നടപ്പാക്കിയാൽ നട അടച്ചിടാൻ ശബരിമല തന്ത്രി തയ്യാറായത്, തന്റെ നിയമോപദേശം വിശ്വസിച്ചാണ് എന്നു വീമ്പിളക്കിയ ശ്രീധരൻ പിള്ള ഏതൊക്കെയോ കാരണങ്ങളാൽ വ്യക്തിപരമായി പിന്മാറുകയാണെന്ന് ഐസക് ആരോപിച്ചു.

പിള്ളയുടെ വാക്കു വിശ്വസിച്ച് സമരവും അക്രമവും നടത്തി ജാമ്യം ലഭിക്കാത്ത കേസുകളിൽ പ്രതികളായ ബിജെപി പ്രവർത്തകരോട് അദ്ദേഹം ഇനിയെന്തു പറയുമെന്നും അദ്ദേഹം ചോദിച്ചു. ചുരുങ്ങിയ പക്ഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കുന്ന സ്വന്തം പ്രവർത്തകരോട് പരസ്യമായി മാപ്പു പറയാനെങ്കിലും ബിജെപി പ്രസിഡന്‍റ് തയ്യാറാകണമെന്നും ഐസക് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

നിത്യഹരിത നായകനിലെ ഗാനത്തിന്റെ ടീസര്‍ പുറത്ത്

നിത്യഹരിത നായകനിലെ പ്രേക്ഷക പ്രശംസ നേടിയ ഒരു ഗാനത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ പോരാട്ട വീഥിയില്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായക വേഷത്തിലെത്തിയ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എആര്‍ ബിനുരാജ് സംവിധാനം ചെയ്ത സിനിമ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ധര്‍മ്മജനും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. വികട കുമാരന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് നിത്യഹരിത നായകന്‍. നാല് നായികമാരാണ് ചിത്രത്തില്‍ വിഷ്ണുവിന് ഉളളത്. പ്രണയവും നര്‍മ്മവും കുടുംബ ബന്ധങ്ങളും കോര്‍ത്തിണക്കിയുളള ഒരു കുടുംബ ചിത്രമാണിത്. ഇന്ദ്രന്‍സ്.ജാഫര്‍ ഇടുക്കി, ബിജുകുട്ടന്‍, സുനില്‍ സുഖദ, സാജു നവോദയ,ബേസില്‍ ജോസഫ്,മഞ്ജു പിളള, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജയശ്രീ ശിവദാസ്,ശിവകാമി,രവീണ രവി,അഖില നാഥ് തുടങ്ങിയവരാണ് നിത്യഹരിത നായകനിലെ നായികമാര്‍.

ഈ വർഷത്തെ തോപ്പിൽഭാസി പുരസ്കാരം സിന്ധു സൂര്യകുമാറിന്

തിരുവനന്തപുരം: ഈ വർഷത്തെ തോപ്പിൽഭാസി പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്. മാധ്യമ രംഗത്തെ സമഗ്രമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 33,333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് തോപ്പിൽ ഭാസി പുരസ്കാരം.

ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് സമ്മാനിക്കും. തോപ്പിൽ ഭാസി ഫൗണ്ടേഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ നീതിബോധത്തെയും സാമൂഹിക ഉത്തരവാദിത്വത്തെയും അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം ശ്രമിച്ച് വരുന്ന മാധ്യമപ്രവര്‍ത്തകയാണ് സിന്ധു സൂര്യകുമാറെന്ന് ജൂറി വിലയിരുത്തി.

ശബരിമല സ്ത്രീ പ്രവേശനം;നിലപാടിൽ മലക്കം മറിഞ്ഞ് ശ്രീധരൻപിള്ള

കോഴിക്കോട്: ശബരിമലയിലെ പ്രശ്നങ്ങളോടുള്ള തന്‍റെ നിലപാട് വളച്ചൊടിച്ചെന്ന ആരോപണവുമായി പി.എസ്. ശ്രീധരന്‍പിള്ള. ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നും ബിജെപി അധ്യക്ഷന്‍ പ്രസ്താവിച്ചിരുന്നു.

ഇതോടെ ബിജെപി സമരം വിശ്വാസികള്‍ക്ക് വേണ്ടിയല്ലെന്നുള്ള ആക്ഷേപം ഉയര്‍ന്നു വന്നു. ഇതോടെ താന്‍ കോഴിക്കോട് പറഞ്ഞത് എന്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നമെന്നും സ്ത്രീ പ്രവേശനമല്ലെന്നും ശ്രീധരന്‍ പിള്ള കുറിച്ചു.

ശബരിമലയെ തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും ആവര്‍ത്തിക്കുകയായിരുന്നു.കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അതിനെതിരെയാണ് സമരമെന്നും സ്ത്രീ പ്രവേശനത്തിന് എതിരെയല്ലെന്നുമാണ് ശ്രീധരന്‍ പിള്ള രാവിലെ പറഞ്ഞത്.

ഇതിനെതിരെ കോടിക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിക്കാന്‍ അവരുടെ വീടുകളില്‍ പോകും. അല്ലാതെ സ്ത്രീകള്‍ വരുന്നോ പോന്നോയെന്ന് നോക്കാന്‍ വേണ്ടിയല്ല ഈ സമരം. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ ഞങ്ങളവരെ പിന്തുണയ്ക്കും അത്രേയുള്ളൂ.